Thursday, February 3, 2022

മകളാം മാലാഖയ്ക്ക്!


മകളേ.... മൗനത്തിൻ മലാഖേ...

എൻ മനസ്സാം വീണ്ണിലെ പൊൻ താരമേ...

സ്വപ്നങ്ങൾക്കാകാശമതിരിടും പ്രായത്തിൽ

കുട്ടിത്തം മാറാതെ നീ, ഒരുകുട്ടിയായെപ്പോഴും നീ....


കാലം പറന്നുപോയ്, പ്രായം  കൊഴിഞ്ഞുപോയ്

നീ മാത്രം മാറാതെ നിൽപ്പൂ...

നിനവേതും കൂടാതെ, കനവേതുമില്ലാതെ

കുട്ടിത്തം മാറാതെ നീ, ഒരുകുട്ടിയായെപ്പോഴും നീ....


കാതങ്ങൾക്കകലെ നിന്ന്...

കടലുകൾ കുറുകെ നീന്തി

കുന്നുകൾ താണ്ടിവന്നൂ ഞാൻ 

നിൻ പുഞ്ചിരി പൂത്തുലയാൻ, നിന്നുമ്മകൾ സ്വന്തമാക്കാൻ..


ഒരുനാൾ നീ മൗനത്തിൽ കൂടുവിട്ട്..

വാക്കുകൾ വർണ്ണപ്പൂക്കളാക്കി

വസന്തമായ് വിസ്മയം തീർക്കുമെന്നൊരു

സ്വപ്നത്തിൻ ചിറകിലാണെപ്പോഴും ഞാൻ


ഒരു ശ്വാസത്തിന്നിടവേളയിൽ

തുറന്നേക്കാം നീ അന്നെന്റെ മുന്നിൽ

ആശതൻ വാതിലുകൾ, പരിഭവച്ചിറകൾ, സംശയജാലകങ്ങൾ, കണ്ഠത്തിൽ

പലവുരു വന്നു മടങ്ങിയ  വാക്കുകളിൽ


ഞാനന്നെന്നോർമ്മയിൽ തിരഞ്ഞുനോക്കും

പണ്ടുനാം പോയൊരാപാതയോരങ്ങളെ

നഗരത്തിളക്കത്തിൻ ചില്ലുകൂടങ്ങളെ

കുപ്പിവളകൾ, കുഞ്ഞുടുപ്പുകൾ

കല്ലുമാലകൾ, കളിപ്പാവകൾ...

വേണ്ടാന്നുവെച്ച നിൻ ബാല്യത്തിളക്കങ്ങൾ...

വേണ്ടാന്നുവെച്ച നിൻ ബാല്യത്തിളക്കങ്ങൾ...


മഴയത്തോ വെയിലത്തോ പാതിരയ്ക്കോ

പാതിവഴിയിൽ നിർത്തിനിന്നേ

ദൂരേക്ക്പോകാൻ വിളിക്കാതിരിക്കട്ടെ, വിധിക്കാതിരിക്കട്ടെ.. ഇപ്പോഴുമേപ്പോഴും മകളേ..

പ്രതീക്ഷയാണിത് പ്രാർത്ഥനയും

ഇപ്പോഴും എപ്പോഴും മകളേ...